വൈത്തിരി: അച്ചൂരാനം മേഖലയില്‍ കാട്ടാനശല്യം അതിരൂക്ഷമായി. കാടിറങ്ങുന്ന ആനകള്‍ പ്രദേശത്തെ ജനങ്ങളുടെ സമാധാനജീവിതം തകര്‍ക്കുകയാണ്. കൃഷിയിടങ്ങളില്‍ അവ വലിയ നാശമാണ് വരുത്തുന്നത്. തെങ്ങ്, കമുക്, വാഴ തുടങ്ങിയ കൃഷികള്‍ നശിച്ച കര്‍ഷകര്‍ നിരവധി.
രാത്രി എത്തുന്ന ആനകള്‍ പുലരുംവരെ പ്രദേശത്ത് തങ്ങുന്നതിനാല്‍ ആളുകള്‍ വീടുകളില്‍ ഭീതിയോടെയാണ് കഴിയുന്നത്. വീടുകളുടെ മതിലും കുടിവെള്ള പൈപ്പുകളും കൃഷി ഉപകരണങ്ങളും ആനകള്‍ നശിപ്പിക്കുന്നത് അപൂര്‍വതയല്ലാതായി.
തേയിലത്തോട്ടങ്ങളിലൂടെ കാട്ടാനകള്‍ കൂട്ടമായി സഞ്ചരിക്കുന്നത് തോട്ടം തൊഴിലാളികളുടെ തൊഴിലിനെയും ജീവനെയും ബാധിക്കുകയാണ്. രാവിലെ ജോലിക്ക് പോകാന്‍ മടിക്കുകയാണ് തൊഴിലാളികള്‍. രാത്രി റോഡുകളില്‍ വിഹരിക്കുന്ന ആനകള്‍ ഗതാഗത തടസവും ഉണ്ടാക്കുന്നുണ്ട്. വനാതിര്‍ത്തിയില്‍ ഫലപ്രദമായ പ്രതിരോധ മാര്‍ഗങ്ങള്‍ ഇല്ലാത്തതാണ് അച്ചൂരാനത്ത് പ്രതിസന്ധി രൂക്ഷമാക്കുന്നത്.
വനംവകുപ്പിന്റെ സോളാര്‍ ഫെന്‍സിംഗ് സ്ഥാപിക്കല്‍, പട്രോളിംഗ് ശക്തമാക്കല്‍, ആര്‍ആര്‍ടിയുടെ അടിയന്തര ഇടപെടല്‍ തുടങ്ങിയവ കൃത്യമായി നടപ്പാക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം. പരിഹാരം വൈകിയാല്‍ ശക്തമായ പ്രതിഷേധപരിപാടികളിലേക്ക് കടക്കാനാണ് അവരുടെ തീരുമാനം.